'ചോദ്യം ചെയ്യാൻ വരേണ്ട'; അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ലെന്ന് ജഡ്ജി, 17കാരൻ ഓടിച്ച കാറിടിച്ച്‌ 56കാരൻ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധു.


ചേരാനല്ലൂരില്‍ അഡീഷണല്‍ ജഡ്ജിയുടെ മകനായ 17കാരൻ ഓടിച്ച കാർ ഇടിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ ജഡ്ജ‌ിക്കെതിരെ ബന്ധു രംഗത്ത്.

മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് (56) മരിച്ചത്. അപകടത്തിന് പിന്നാലെ ജഡ്ജിയെ കണ്ടപ്പോള്‍ വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചതെന്ന് ജയബാലകൃഷ്ണന്റെ ബന്ധുവായ ജയലക്ഷ്മി വെളിപ്പെടുത്തി. കേസുമായി മുന്നോട്ട് പോകുമെന്നും ജയലക്ഷ്മി വ്യക്തമാക്കി. ഇരിങ്ങാലക്കുട കോടതി ജഡ്ജി റിനോ ഫ്രാൻസിസിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയത്.

'ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ആരും ഇനി വാഹനം ഓടിക്കരുത്. ഈ അപകടത്തില്‍ കേസുമായി മുന്നോട്ട് പോകും. ആ കുട്ടിയുടെ മാതാപിതാക്കളെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. അവരെ കണ്ടപ്പോള്‍ ഒരു 17വയസുകാരന്റെ കൈയില്‍ വണ്ടി കൊടുക്കാൻ പാടില്ലെന്ന് അറിയില്ലേ എന്ന് ചോദിച്ചു. 'നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട, അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ല' എന്നാണ് ജഡ്ജി പറഞ്ഞത്. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് സംസാരിച്ചത്. ഇടിച്ചശേഷം കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല'- ജയലക്ഷ്മി പറഞ്ഞു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം. ചിറ്റൂരിനടുത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച്‌ വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

Previous Post Next Post