പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടിയും ചേര്‍ന്ന് ഷാപ്പിലെത്തി കള്ള് കുടിച്ചു, ഛര്‍ദിച്ച്‌ വഴിയരികില്‍ തളര്‍ന്നു വീണു!! ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്.live


കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും കള്ള് നല്‍കിയ സംഭവത്തില്‍ രണ്ടുപേർക്കെതിരെ കേസ്. പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ പറവൂർ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള രണ്ടു പെണ്‍കുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആണ്‍കുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കുടിച്ചത്. തുടർന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ അതില്‍ ഒരു പെണ്‍കുട്ടി ഛർദിച്ചു. ഇതോടെ മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെണ്‍കുട്ടി റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതിനെ തുടർന്ന് മുനമ്പം പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

അതേസമയം അമിതമായി കള്ള് ഉള്ളില്‍ ചെന്നതാണ് ശാരീരികാസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. തുടർന്നു ബന്ധുക്കളുടെ പരാതിയില്‍ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Previous Post Next Post