പാലക്കാട് കൊടുവായൂരില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചുകൊന്നു; ഭ‌ര്‍ത്താവ് കസ്റ്റഡിയില്‍.


വാക്കുതർക്കത്തിനൊടുവില്‍ ഭാര്യയെ ഭർത്താവ് ഷാള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചുകൊന്നു. എത്തനൂർ തെക്കേ വീട്ടില്‍ അനുപ്രിയയാണ് (31) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 3.30ഓടെ പലക്കാട് കൊടുവായൂരിലാണ് നാടിനെ നടുക്കിയ സംഭവം. പിട്ടുപീടികയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവർ.

ഇരുവരും തമ്മില്‍ നിരന്തരം കുടുംബവഴക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കത്തിനിടയിലാണ് മണികണ്ഠൻ അനുപ്രിയയുടെ കഴുത്ത് ഞെരിച്ചത്. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മണികണ്ഠൻ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Previous Post Next Post