കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ അധികാരത്തിലെത്തി, എന്നിട്ടും നീതിയില്ല'; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ്.


കുന്നംകുളം പൊലീസ് മർദനത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതില്‍ യുഡിഎഫ് സർക്കാരിനെ വിമർശിച്ച്‌ ഇരയായ കോണ്‍ഗ്രസ് പ്രവർത്തകൻ വിഎസ് സുജിത്ത്.

നിയമപോരാട്ടത്തിലൂടെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന്‌ ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും അധികാരത്തിലെത്തിയ നേതാക്കള്‍ പ്രവർത്തിച്ചുകാണിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. ഫേസ്‌ബുക്കില്‍ പങ്കുവച്ച തുറന്ന കത്തിലൂടെയായിരുന്നു സുജിത്തിന്റെ പ്രതികരണം.

'പൊലീസ് മർദനമേറ്റ തന്നോട് അന്ന് നേതാക്കള്‍ പറഞ്ഞത് കൂടെയുണ്ടെന്നാണ്. നീതിക്കായി അവസാനംവരെ പൊരുതുമെന്നും തല്ലിയവരെ ഡ‌ിപ്പാർട്‌മെന്റില്‍നിന്ന് പുറത്താക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ആ വാക്ക് വിശ്വസിച്ച്‌ ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞു. നമ്മുടെ സർക്കാർ‌ വന്നു. പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയും മറ്റൊരാള്‍ കെപിസിസി പ്രസിഡന്റായി തുടരുകയും ചെയ്യുന്നു. എന്നാല്‍ സർക്കാർ എന്ത് നടപടിയാണെടുത്തത്'- സുജിത്ത് ചോദിക്കുന്നു.

തനിക്ക് രാഷ്‌ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടതെന്നും അതിനുവേണ്ടി ഒരു വർഷമായി കാത്തിരിക്കുന്ന തന്നോട് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളതെന്നും സുജിത്ത് ചോദിച്ചു. തനിക്ക് നീതി വൈകുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്‌തിട്ടുമുണ്ട്.

Previous Post Next Post