ലോക്കപ്പ് പൂട്ടാൻ മറന്ന് പൊലിസ്; പ്രതി ഇറങ്ങിപ്പോയി.


മോഷണക്കേസില്‍ കരുതല്‍ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. എഴുകോണ്‍ പുത്തൻനട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്.

ചൊവ്വാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടില്‍ നിന്ന് വയറിംഗ് സാമഗ്രികള്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് വൈജേഷിനെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തത്.

പൊലിസില്‍ പരാതി നല്‍കിയത് കൂടാതെ വീട്ടുകാർ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ നാന്തിരിക്കലിലെ പവർ ടൂള്‍സ് കടയില്‍ നിന്നു വയറിംഗ്, പ്ലമ്പിംഗ് സാമഗ്രികള്‍ മുറിക്കുന്ന ഉപകരണങ്ങള്‍ വൈജേഷ് വാടകയ്ക്കെടുത്തതായി അറിയാൻ കഴിഞ്ഞു.

ചൊവ്വാഴ്ച രാത്രി ഇവ തിരിച്ചു കൊടുക്കാൻ എത്തിയ വൈജേഷിനെ വീട്ടുകാരെത്തി തടഞ്ഞുവച്ച്‌ പൊലിസില്‍ അറിയിച്ചു. റൂറല്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ അനില്‍കുമാർ സ്ഥലത്തെത്തി വൈജേഷിനെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കുണ്ടറ സ്റ്റേഷനിലെത്തിച്ചു.

അന്നു രാത്രി ജിഡിയും പാറാവുമായി രണ്ട് പൊലിസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. പൊലിസുകാർ വൈജേഷിനെ ലോക്കപ്പില്‍ അടച്ചെങ്കിലും പൂട്ടാൻ മറന്നുപോയി. പുലർച്ചെ പാറാവുകാരൻ സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതു ശ്രദ്ധിച്ച വൈജേഷ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

വൈജേഷ് പോയി ഏറെ സമയം കഴിഞ്ഞാണ് പൊലിസുകാർക്ക് ഇക്കാര്യം ശ്രദ്ധിച്ചത്.. ഇരുവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. വൈജേഷിനായി വ്യാപകമായ തിരച്ചിലിലാണ് കുണ്ടറ പൊലിസ്.

Previous Post Next Post