സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരമാകുന്നു. മധ്യപ്രദേശില്‍നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചതോടെ തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണം ഉണ്ടായില്ല.കൂടാതെ ആന്ധ്രാപ്രദേശില്‍ നിന്ന് 150-300 മെഗാവാട്ടും ലഭ്യമാക്കിയിരുന്നു. പുതിയ കരാറുകള്‍ക്കായുള്ള ശ്രമം നടക്കുന്നുവെന്നും അടുത്ത മാസം മുതല്‍ വൈദ്യുതിക്ഷാമം തീരെ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
സെപ്റ്റംബറിലെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂനിറ്റും പീക്ക് സമയ ആവശ്യകത 5400 മെഗാവാട്ടുമായിരുന്നു. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും വൈദ്യുതി വാഹന ചാർജിങ്ങും അടക്കം പരമാവധി പകല്‍ സമത്തേക്ക് മാറ്റണമെന്നും ഉപഭോഗത്തില്‍ എല്ലാവരും നിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് സർക്കുലർ പുറത്തുവിട്ടിരുന്നു.കൂടുതല്‍ വൈദ്യുതി ആവശ്യമായി വരുന്ന രാത്രി ഏഴ് മുതല്‍ 12 വരെയുള്ള പീക്ക് സമയങ്ങളില്‍ ഉപഭോഗം സ്വമേധയാ കുറക്കാനും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയുള്ള സമയത്തേക്ക് ഉയർന്ന ലോഡുകള്‍ മാറ്റാനും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി.
മണ്‍സൂണ്‍ കാലത്ത് ലഭ്യമാകേണ്ടിയിരുന്ന മഴയുടെ നിരക്ക് കുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനം കുറച്ചു. അതുപോലെ തന്നെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉയർന്ന വിലയ്ക്കും വൈദ്യുതി സാധ്യമാക്കാനാവാത്തതും പ്രതിസന്ധിയുടെ തീവ്രത കൂട്ടിയതായിരുന്നു. സ്വാപ്പ് വ്യവസ്ഥയില്‍ വൈദ്യുതി ലഭിച്ചതും റിയല്‍ ടൈം മാര്‍ക്കറ്റുകളില്‍നിന്നും എത്തിക്കാന്‍ സാധിച്ചതും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഏറെ സഹായകരമായി. ഇപ്പോള്‍ നിയന്ത്രണത്തിനുള്ള സാഹചര്യമല്ലെന്നും വൈദ്യുതി വിതരണം സാധാരണപോലെ തുടരുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.