നഗരസഭാ പരിധിയില്‍ അനധികൃത ഫ്ലക്സ് ബോര്‍ഡ് വച്ചു; കേരള പൊലീസിന് പിഴ ചുമത്തി തിരുവനന്തപുരം കോര്‍പറേഷൻ.

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് കേരള പൊലീസിന് തിരുവനന്തപുരം നഗരസഭയുടെ പിഴ. നഗരസഭാ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചതിന് കേരള പൊലീസിന് തിരുവനന്തപുരം കോർപ്പറേഷൻ 15,030 രൂപ പിഴ ചുമത്തി.സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച്‌ നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു.തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളായ പിഎംജി, വഴുതക്കാട് എന്നിവിടങ്ങളിലാണ് കാല്‍നടയാത്രക്കാർക്കും റോഡ് ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പരസ്യ ബോർഡുകള്‍ ഉയർത്തിയത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നഗരത്തില്‍ നടന്ന പൊലീസ് കായിക മേളയുടെ പ്രചാരണാർത്ഥമാണ് പൊലീസുകാർ തന്നെ ഈ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചത്.

പൊതുനിരത്തുകളിലെ അനധികൃത ബോർഡുകള്‍ നീക്കം ചെയ്യണമെന്നും അവ സ്ഥാപിക്കുന്നവർക്കെതിരെ വിവേചനമില്ലാതെ കനത്ത പിഴ ചുമത്തണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ നടപടി.നഗരസഭ നല്‍കിയ പിഴ നോട്ടീസ് തുടർനടപടികള്‍ക്കായി സംസ്ഥാന പൊലീസ് മേധാവി കായിക മേളയുടെ സംഘാടകരായ ഉദ്യോഗസ്ഥർക്ക് കൈമാറി. നിയമം ലംഘിച്ച്‌ ബോർഡ് സ്ഥാപിച്ചതിന് നഗരസഭയ്ക്ക് ആവശ്യമായ പിഴത്തുക അടയ്ക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിക്കുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളും പൊലീസും നടപടിയെടുക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് നിയമപാലകർ തന്നെ പിഴയുടെ ചൂടറിഞ്ഞത്.നേരത്തെയും രാഷ്ട്രീയ പാർട്ടികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും ഇത്തരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി തിരുവനന്തപുരം നഗരസഭ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച്‌ നഗരത്തില്‍ അനധികൃതമായി ബോർഡുകള്‍ സ്ഥാപിച്ചതിന് ബിജെപിക്ക് 19.7 ലക്ഷം രൂപ നഗരസഭ പിഴ ചുമത്തിയിരുന്നു.
Previous Post Next Post