സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഭക്ഷ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണു നടപടി. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. കീര്‍ത്തി നിര്‍മ്മല്‍ എന്ന കമ്പനിക്കാണ് പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്ന് സബ്‌സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്‍, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്‌ലെറ്റ് ഇന്‍ ചാര്‍ജ് സന്ധ്യ എ എസ്, പാലിശ്ശേരി മാവേലി സ്റ്റോറിലെ ദിവ്യ എം ആര്‍, പോഞ്ഞാശ്ശേരി വില്പനശാലയിലെ സൗമിനി എസ്, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്‍റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍ ചെറിയ എ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആരായാലും മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.