യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് മൃതദേഹം വെട്ടിമുറിച്ചു. ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിലാണ് ഇരുപത്തിയഞ്ചുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അപ്പാർട്ട്മെന്റില്‍ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. റിയ താലൂക്ദാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ വിരലുകള്‍ പകുതിയോളം മുറിച്ച നിലയിലായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. തുടർന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന പോളിത്തീൻ കവറില്‍ നിന്ന് യുവതിയുടെ തല കണ്ടെത്തുകയായിരുന്നു.
ഭർത്താവിനെ കുറിച്ച് ആദ്യം വിവരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസം രാത്രിയോടെ യുവതിയുടെ ഭർത്താവ് പൊലീസില്‍ കീഴടങ്ങി. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതി കീഴടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് വ്യക്തമാക്കിയിട്ടില്ല.