കോട്ടയം :വിവാഹച്ചടങ്ങിന് കേറ്ററിംഗ് സംഘം ഭക്ഷണം എത്തിച്ചില്ലെന്ന് പരാതി. കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഉദയം കേറ്ററിംഗ് സ്ഥാപനത്തിനും അതിന്റെ ഉടമ വിഷ്ണുവിനുമെതിരെയാണ് വധുവിന്റെ വീട്ടുകാർ പരാതി നല്‍കിയിരിക്കുന്നത്.
കഞ്ഞിക്കുഴിയിലുമായി നടന്ന രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഭക്ഷണം ലഭിക്കാതിരുന്നത്. ഉച്ചവരെ കാത്തിരുന്നിട്ടും ഭക്ഷണം എത്താത്തതിനെത്തുടർന്ന് സമീപത്തെ ഹോട്ടലുകളില്‍നിന്നുമാണ് ഭക്ഷണം എത്തിച്ച് ആളുകള്‍ക്ക് നല്‍കിയത്.
കഞ്ഞിക്കുഴി സ്വദേശിയായ യുവതിയുടെ വിവാഹത്തിന് ഭക്ഷണം, സ്റ്രേജ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ കരാറാണ് നല്‍കിയത്. ഇതില്‍ സ്റ്റേജ് സൗണ്ട് തുടങ്ങിയ കാര്യങ്ങള്‍ കരാറുകാർ തന്നെ മറ്റൊരാളെ ഏല്‍പിച്ചിരുന്നു. വെല്‍ക്കം ഡ്രിങ്ക് ഉള്‍പ്പടെ ഭക്ഷണം എത്താതിരുന്നതോടെ ഇവരെ വിളിച്ചപ്പോള്‍ ഭക്ഷണം കൊണ്ടുവന്ന വാഹനം അപകടത്തില്‍പെട്ടുവെന്നാണ് അറിയിച്ചത്. പിന്നീട് വിളിച്ചപ്പോള്‍ ഭക്ഷണം പാകം ചെയ്തില്ലെന്നും എത്തിക്കാൻ കഴിയില്ലെന്നുമാണ് പറഞ്ഞത്.