സർട്ടിഫിക്കറ്റ് നേടിയ ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.
രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും വർഷങ്ങളിൽ വയോജന ജനസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികൾ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകൾ, ഗോവണികയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ച് മേഖലകളിലായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്‌കോർ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്ക് മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ മൊത്തം സ്‌കോർ എത്രയായാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല.
85 ശതമാനത്തിന് മുകളിൽ ആകെ സ്‌കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്‌കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ചു വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും. 70 മുതൽ 84 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് അഞ്ചു വർഷത്തേക്ക് സിൽവർ സർട്ടിഫിക്കറ്റും 60 മുതൽ 69 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് താൽക്കാലിക ബ്രോൺസ് സർട്ടിഫിക്കറ്റും നൽകും. ബ്രോൺസ് സർട്ടിഫിക്കറ്റിന് രണ്ടു വർഷമാണ് കാലാവധി. തുടർന്ന് പുനഃപരിശോധന നടത്തിയ ശേഷമേ ഇത് സ്ഥിരപ്പെടുത്തൂ. സർട്ടിഫിക്കറ്റുള്ള ഓഫീസുകളിൽ പത്തു ശതമാനത്തിലും ഓരോ വർഷവും അപ്രതീക്ഷിത പരിശോധന നടത്തും.