പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളില്‍നിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത് അല്‍പം വിചിത്രമായ മാർഗമാണ്.
സർക്കാർ സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലർത്തിയാണ് യുവാവ് പ്രതികാരം ചെയ്തത്!
തമിഴ്നാടിലെ ഈറോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുൻ പാചകക്കാരിയായ അലമ്മാളിന്റെ ഭർത്താവ് അറുമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഈറോഡ് സത്യമംഗലത്തിനടുത്തുള്ള സർക്കാർ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പാചകക്കാരിയായിരുന്ന അലമ്മാളിന്റെ പാചകം മോശമാണെന്ന പരാതികള്‍ ഉയർന്നതിനെത്തുടർന്നാണ് സ്കൂള്‍ അധികൃതർ ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.
ഇതിനേത്തുടർന്നാണ് സ്കൂളിലെ 51 വിദ്യാർഥികള്‍ക്കായി ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഇയാള്‍ ചാണകപ്പൊടി കർത്തിയത്. സർക്കാരിന്റെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സാമ്പാറില്‍ ചാണകപ്പൊടി കലർത്തുകയായിരുന്നു.
കടയില്‍പ്പോയി ചാണകപ്പൊടി വാങ്ങിവന്ന് സാമ്പാറില്‍ കലർത്താൻ സ്കൂളിലെ തന്നെ ഒരു വിദ്യാർഥിനിയെ ഇയാള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനായി 10 രൂപയും നല്‍കി. കുട്ടി കടയില്‍ ചെന്ന് അഞ്ചുരൂപയ്ക്ക് പലഹാരം വാങ്ങുകയും ബാക്കി വന്ന അഞ്ചു രൂപയ്ക്ക് ചാണകപ്പൊടി വാങ്ങുകയും ചെയ്തു.
കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഇത് കലർത്തിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 29-നായിരുന്നു സംഭവം. സെപ്റ്റംബർ ഒന്നിനാണ് പോലീസില്‍ പരാതി ലഭിക്കുന്നത്.
പ്രഭാതഭക്ഷണം വിളമ്പുന്നതിന് മുൻപ് ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി രേവതി എന്ന അധ്യാപിക സാമ്പാറിന്റെ രുചി നോക്കിയിരുന്നു. അപ്പോള്‍ സാമ്പാറിന് അസാധാരണമായ കയ്പ്പും നിറംമാറ്റവും അനുഭവപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ചോദ്യം ചെയ്യുകയും അറുമുഖത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് കുട്ടി വെളിപ്പെടുത്തുകയും ചെയ്തു. സാമ്പാർ കുട്ടികള്‍ക്ക് നല്‍കുന്നതിന് മുൻപുതന്നെ അധ്യാപകർ ഇത് കണ്ടുപിടിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.