പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച 'അഭിനന്ദന ദിന' മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി.
വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർദ്ധിപ്പിക്കുക, കർത്തവ്യനിർവഹണത്തില്‍ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പൊലീസ് പ്രവർത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍.
ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ മുൻ മാസത്തില്‍ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പൊലീസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദ്ദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ,
പൊലീസിന് വിലപ്പെട്ട സഹായം നല്‍കിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.