ഭാര്യയാണെങ്കിലും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമെന്നു ഹൈക്കോടതി.
18 വയസില്‍ താഴെയുള്ള ആരെയും കുട്ടിയെന്ന നിലയിലാണു നിയമം കാണുന്നതെന്നതിനാല്‍ വിവാഹിതയാണോ അല്ലയോ എന്നതിനു പ്രസക്തിയില്ലെന്ന് ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം ചെയ്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം പുലർത്തിയെന്ന പേരില്‍ തനിക്കെതിരേയെടുത്തിട്ടുള്ള പോക്സോ കേസും ലൈംഗികാതിക്രമ കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി ഉത്തരവ്.
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാൻ ലക്ഷ്യമിടുന്ന പോക്സോ നിയമത്തിന് വ്യക്തിനിയമങ്ങളേക്കാള്‍ മുൻഗണനയുണ്ടെന്ന് കോടതി പറഞ്ഞു.
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാരോപിച്ച് 2022ലാണ് പോലീസ് കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടി നിയമപരമായി തന്റെ ഭാര്യയാണെന്നും 15 വയസ് കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന് ഭാരതീയ ശിക്ഷാനിയമത്തില്‍ ഇളവുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.