ആറുമാസമായി റേഷൻ വാങ്ങിയിട്ടില്ലെങ്കില്‍ റേഷൻ കാര്‍ഡ് റദ്ദാകും; ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം, ഇ-കെവൈസി പൂര്‍ത്തിയാക്കാൻ സമയം.

കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡുകള്‍ ഉപയോഗിക്കാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങള്‍ ഒക്ടോബർ മുതല്‍ റദ്ദാക്കാൻ കേന്ദ്രം.കഴിഞ്ഞ ആറ് മാസമായി അർഹമായ റേഷൻ ധാന്യങ്ങള്‍ കൈപ്പറ്റാത്ത 'സൈലന്റ് റേഷൻ കാർഡുകള്‍' ആണ് ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാക്കുന്നത്. പൊതുവിതരണ സംവിധാനത്തിലെ വിവരശേഖരം (ഡാറ്റാബേസ്) ശക്തമാക്കുന്നതിനും സജീവമല്ലാത്തതും ഒന്നിലധികം റേഷൻ കാർഡ് ഉള്ളവരെയും ഒഴിവാക്കുന്നതിനുമുള്ള സർക്കാർ നടപടികളുടെ ഭാഗമാണിത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സജീവമല്ലാത്ത റേഷൻ കാർഡുകള്‍ ഇതോടെ റദ്ദാകും.

റേഷൻ ഗുണഭോക്താക്കളുടെ പേരുവിവരങ്ങള്‍ ഡാറ്റാബേസില്‍ നിന്ന് ഉടൻ നീക്കം ചെയ്യില്ല. ആദ്യം റേഷൻ കാർഡുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കും. തുടർന്ന് തങ്ങള്‍ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കാൻ മൂന്ന് മാസത്തെ സമയം അവർക്ക് അനുവദിക്കും. ഈ കാലയളവിനുള്ളില്‍ ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയാല്‍ കാർഡുകള്‍ വീണ്ടും സജീവമാകും.

കഴിഞ്ഞ ആറ് മാസത്തിനിടെ റേഷൻ ഭക്ഷ്യധാന്യ വിഹിതം ഒന്നും കൈപ്പറ്റാത്ത കാർഡുകളെ "സൈലന്റ് റേഷൻ കാർഡുകള്‍" (നിശബ്ദ റേഷൻ കാർഡുകള്‍) എന്നാണ് സർക്കാർ വിശേഷിപ്പിക്കുന്നത്. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമാണ് മൂന്ന് മാസത്തെ സാവകാശം.

യഥാർഥ റേഷൻ ഗുണഭോക്താക്കളിലേക്ക് ഭക്ഷ്യധാന്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും, ഒന്നിലധികം കാർഡ് ഉള്ളവരെയും, മരിച്ചുപോയവർ, കുടിയേറിയവർ, റേഷന് അർഹതയില്ലാത്തവർ എന്നിവരെ കണ്ടെത്തി ഡാറ്റാബേസ് ശുദ്ധീകരണം അനിവാര്യമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. പൊതുവിതരണ സംവിധാനത്തിന്റെ (PDS) ഡാറ്റാബേസ് ശുദ്ധീകരിക്കുന്നതിനായി സർക്കാർ നേരത്തെ തന്നെ ഡിജിറ്റൈസേഷൻ, ആധാർ സീഡിങ്, ഇ-കെവൈസി (e-KYC) എന്നിവ ഉപയോഗിച്ചിട്ടുണ്ട്.

അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായുള്ള 'ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കല്‍' (ഒരേ വ്യക്തിയുടെ ഒന്നിലധികം എൻട്രികള്‍ നീക്കം ചെയ്യല്‍) നടപടിയുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങളിലൂടെ ഏകദേശം 5.8 കോടി റേഷൻ കാർഡുകള്‍ PDS സംവിധാനത്തില്‍ നിന്ന് നീക്കം ചെയ്തതായി 2024 നവംബറില്‍ ഭക്ഷ്യ മന്ത്രാലയം അറിയിച്ചിരുന്നു.

റേഷൻ കാർഡ് ഡാറ്റാബേസ് പരിപാലിക്കുന്നതിനുള്ള പ്രധാന മാർഗമായി സർക്കാർ ഇ-കെവൈസിയെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഭക്ഷ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ 30ഓടെ ഇ-കെവൈസി 90.64 ശതമാനത്തിലെത്തി. ഇ-കെവൈസി അടിസ്ഥാനമാക്കിയുള്ള ഡാറ്റാ റെപ്ലിക്കേഷനും മൊബൈല്‍ നമ്പർ സീഡിംഗിനുമുള്ള പുതിയൊരു പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതായും വകുപ്പ് അറിയിച്ചു.
Previous Post Next Post