മരുന്നുക്ഷാമം സമ്മതിച്ച്‌ ആരോഗ്യവകുപ്പ് ഡയറക്ടര്‍, മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്ന് നിര്‍ദ്ദേശം , ശബ്‌ദസന്ദേശം പുറത്ത്.


സർക്കാർ ആശുപത്രികളില്‍ മരുന്ന് ക്ഷാമമുണ്ടെന്ന് സമ്മതിക്കുന്ന, ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്ത്.

മരുന്നുലഭ്യത ഉറപ്പാക്കണമെന്നും ഇതുസംബന്ധിച്ച്‌ ആശുപത്രി സൂപ്രണ്ടുമാർ മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ടെന്നുമുള്ള ശബ്ദസന്ദേശം ജില്ല മെഡിക്കല്‍ ഓഫീസർമാരടക്കമുള്ള വാട്സ് ആപ് ഗ്രൂപ്പിലാണ് വന്നത്.

മരുന്ന് ക്ഷാമമില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നതിനിടെയാണ് നിലവിലെ അവസ്ഥ വെളിപ്പെടുത്തുന്ന, വകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷിയുടെ ശബ്ദസന്ദേശം പുറത്തുവന്നത്.

പനി കൂടിവരുന്നതുകൊണ്ട് മരുന്നുലഭ്യത ഉറപ്പുവരുത്തണം. മരുന്ന് ഉറപ്പാക്കണം. എച്ച്‌.എം.സി ഫണ്ടുണ്ടെങ്കില്‍ അതുപയോഗിച്ച്‌ മരുന്നു ലഭ്യമാക്കണം. സൂപ്രണ്ടുമാരോട്, മാദ്ധ്യമങ്ങളില്‍നിന്ന് വിളിച്ചാല്‍ സംസാരിക്കരുതെന്ന് പറയണം. എന്തെങ്കിലും ഉണ്ടെങ്കില്‍ ഡി.എം.ഒയോട് ചോദിക്കാനും നിർദ്ദേശിക്കണം. മരുന്ന് ഇല്ലെന്നോ ലോക്കല്‍ പർച്ചേസ് സംബന്ധിച്ചോ മാദ്ധ്യമങ്ങളോട് സംസാരിക്കേണ്ട. ഡി.എം.ഒയെ വിളിക്കാൻ പറയണം' ശബ്ദസന്ദേശത്തില്‍ ഡയറക്ടർ പറയുന്നു. ഇത് ചോർന്ന് ദൃശ്യമാദ്ധ്യമങ്ങളില്‍ വാർത്തയായതോടെ ഗ്രൂപ്പില്‍നിന്നും ഡിലീറ്റ് ചെയ്തു.

Previous Post Next Post