കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന സിവിൽ സർവീസ് പരിശീലനകേന്ദ്രം വിദ്യാർഥിക്കു നഷ്ടപരിഹാരം നൽകണമെന്ന് കോട്ടയം ജില്ലാ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോഴ്സ് ഫീസായി പരാതിക്കാരി അടച്ച 70000 രൂപയിൽ 29,167 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മീഷൻ ഉത്തരവ്.
കളക്ട്രേറ്റ് പള്ളിക്കുന്നേൽ സ്വദേശിനിയായ എസ്. ബാലയാണ് പരാതിക്കാരി. കോട്ടയം ഗാന്ധിനഗർ പെരുമ്പായിക്കാട് കൊച്ചുകാലുക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന കാമ്പസ് സ്‌കൂൾ ഓഫ് സിവിൽ സർവീസ് എന്ന സ്ഥാപനത്തിന്റെ ഉടമ പ്രീസ്റ്റിലി ശ്യാമിനെതിരേയാണ് വിധി.
യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ 12 മാസത്തെ കോഴ്സിന് 2024 ജൂലൈയിലാണ് പരാതിക്കാരി ഈ സ്ഥാപനത്തിൽ ചേർന്നത്. വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് എടുക്കുമെന്നും 800 മണിക്കൂർ ക്ലാസ്സ്, റെഗുലർ റിവിഷൻ, ആൻസർ റൈറ്റിംഗ് പ്രാക്ടീസ്, മോക്ക് ഇൻറർവ്യൂ, ലൈബ്രറി സൗകര്യം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത രീതിയിലുള്ള അക്കാദമിക് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി കമ്മിഷനെ സമീപിച്ചിത്.
ക്ലാസുകൾ കൃത്യമായി നടന്നിരുന്നില്ലെന്നും, മിക്ക വിഷയങ്ങൾക്കും യോഗ്യരായ അധ്യാപകർ ഇല്ലായിരുന്നുവെന്നും ജോഗ്രഫിയിൽ ബിരുദാനന്തര ബിരുദമുള്ള സ്ഥാപന ഉടമയാണ് ഭൂരിഭാഗം വിഷയങ്ങളും പഠിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
സമർപ്പിക്കപ്പെട്ട രേഖകളും തെളിവുകളും പരിശോധിച്ച കമ്മിഷൻ പരസ്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി. വാഗ്ദാനം ചെയ്ത രീതിയിൽ പരിശീലനം നൽകാത്തത് സേവനത്തിലെ പോരായ്മയും തെറ്റായ വ്യാപാര രീതിയുമാണ്. എന്നിരുന്നാലും പരാതിക്കാരി ഏഴു മാസം കോഴ്സിൽ പങ്കെടുത്തു പരിശീലനപരിപാടിയുടെ നേട്ടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പാഠഭാഗങ്ങൾ നല്ലരീതിയിൽ ഈ സമയത്ത് കവർ ചെയ്തിട്ടുണ്ട്. അതിനാൽ മുഴുവൻ ഫീസ് തിരികെ ലഭിക്കുന്നതിന് അർഹതയില്ല.
ഇക്കാര്യങ്ങൾ പരിഗണിച്ച് ബാക്കി അഞ്ചുമാസത്തെ ഫീസായ 29,167 രൂപയും മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടതിന് നഷ്ടപരിഹാരവും കോടതിച്ചെലവും പരാതിക്കാരിക്ക് നൽകാനാണ് കമ്മീഷൻ പ്രസിഡൻറ് അഡ്വ. വി.എസ്. മനുലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള വേദഗിരി ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25 ) സെപ്റ്റംബർ മൂന്നിന് (വ്യാഴം) രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ 1536/2026)
*ടെണ്ടർ ക്ഷണിച്ചു*
കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കിഡ്‌നി ഡയാലിസിസ് രോഗികൾക്ക് മരുന്നും അനുബന്ധ സാധങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 18 വരെ സ്വീകരിക്കും. ഫോൺ -04822277425,9447790305.
(കെ.ഐ.ഒ.പി.ആർ 1537/2026)
*പി.ജി.ഡി.സി.എ.*
കോട്ടയം: എൽ.ബി.എസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ഡി.സി.എ, പി.ജി.ഡി.സി.എ. കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0481-2505900, 9495850898, 9895041706
(കെ.ഐ.ഒ.പി.ആർ 1538/2026)
*പി.എസ്.സി. അഭിമുഖം*
കോട്ടയം: കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മീഡിയം (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ. 024/2025) തസ്തികയിലെ നിയമനത്തിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് അഭിമുഖം സെപ്റ്റംബർ 11ന് പത്തനംതിട്ട ജില്ലാ പി.എസ്.സി. ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ വഴിയും എസ്.എം.എസ്. വഴിയും അറിയിപ്പു നൽകിയിട്ടുണ്ട്. നിർദേശിച്ച സമയത്ത് അസൽ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ള രേഖകളുമായി ഹാജരാകണം.
*സ്പോട്ട് അഡ്മിഷൻ*
കോട്ടയം: ചങ്ങനാശേരി ഗവൺമെൻറ് വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റൻറ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ ഏഴുവരെ നീട്ടി.
അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9446321018, 0481-2400500
(കെ.ഐ.ഒ.പി.ആർ 1540/2026)
*കുടുംബശ്രീ പ്രോജക്ടിൽ ഒഴിവ്*
കോട്ടയം: ഏറ്റുമാനൂർ, ഉഴവൂർ, കടുത്തുരുത്തി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മാടപ്പളളി, വാഴൂർ ബ്ലോക്കുകളുടെ കീഴിലെ
സിഡിഎസുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന ഇൻറഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളിലേക്ക് ഐഎഫ്സി ആങ്കർ, സീനിയർ സി. ആർ.പി. തസ്തികകളിൽ നിയമനത്തിന് സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. കുടുംബശ്രീ/ഓക്സിലറി അംഗങ്ങളുടെ കുടുംബാംഗങ്ങളായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾ സിഡിഎസ് ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0481 2302049.