ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.


നാളെ മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് അറിയിച്ചത്.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. ആഴ്ചയില്‍ അഞ്ചു ദിവസം പ്രവൃത്തി ദിനം എന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.

ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതല്‍ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതാണ് സംഘടനയുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിച്ചു. നേരത്തെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവർത്തിച്ചിരുന്നു.

Previous Post Next Post