ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലില്‍ നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടല്‍. അതേസമയം, പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് ശനിയാഴ്ച പരിഗണിക്കും.
ആഗസ്റ്റ് 17നാണ് കരുവാറ്റയില്‍ 65കാരനെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉള്‍പ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തില്‍ കൊച്ചുമകളുടെ നിർദേശ പ്രകാരം ആണ്‍സുഹൃത്തുകളാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് ഐ ഫോണും സുഹൃത്തുക്കള്‍ക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം. അറസ്റ്റിലായ ആണ്‍കുട്ടികള്‍ ആലപ്പുഴ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെണ്‍കുട്ടി സാമൂഹിക ക്ഷേമ വകുപ്പിൻ്റെ കോഴിക്കോട്ടെ നിരീക്ഷണ കേന്ദ്രത്തിലും കഴിയുയാണ്.ഒന്നും മൂന്നും പ്രതികളെ മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് ശനിയാഴ്ച്ച ചോദ്യം ചെയ്തിരുന്നു. ഇന്ന് മൂന്നുപേരെയും വീണ്ടും ചോദ്യം ചെയ്യാൻ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അനുമതി നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ നീളുന്നത് കുട്ടികളുടെ മാനസികനില തകർക്കുമെന്നു എതിർഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും അംഗീകരിച്ചില്ല. ആണ്‍കുട്ടികളെ ചോദ്യം ചെയ്തു കഴിഞ്ഞു അന്വേഷണ സംഘം വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഇതിനു ശേഷമേ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയുള്ളു. കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടി മൊഴി മാറ്റുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണ്. കേസില്‍ പതിമൂന്നുകാരിയുടെ അമ്മയേയും അമ്മുമ്മയേയും അടുത്ത രണ്ടു സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവരെയും സാക്ഷികളാക്കും.