സ്കൂട്ടർ യാത്രക്കാരൻ്റെ തോളിലുണ്ടായിരുന്ന ഗിറ്റാർ ബാഗ് കണ്ട് പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴയിട്ട് എഐ ക്യാമറ.
സ്കൂട്ടർ യാത്രക്കാരൻ്റെ തോളില്‍ കിടന്ന ഗിറ്റാർ ബാഗ് എഐ ക്യാമറയുടെ കണ്ണില്‍ പെട്ടതോടെ പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചു ഹെല്‍മറ്റില്ലാത്തതിന് 500 രൂപ ആണ് പിഴ ചുമത്തിയത്. ബെംഗളൂരുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാൻ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് അമളി പറ്റിയത്.
ഹെബ്ബാളില്‍ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ സൗവിക് ദത്തയ്ക്കെതിരെ ആണ് എഐ ക്യാമറ അബദ്ധത്തില്‍ പിഴ ചുമത്തിയത്. പിൻസീറ്റ് യാത്രക്കാരൻ ഹെല്‍മറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 500 രൂപയുടെ ഇ - ചലാൻ ലഭിച്ചപ്പോഴാണ് യാത്രക്കാരൻ സംഭവമറിയുന്നത്. സ്കൂട്ടർ ഭാര്യയുടെ പേരിലായതിനാല്‍ ഭാര്യയ്ക്കാണ് ചലാൻ ലഭിച്ചത്. പിഴ കണ്ട് അമ്പരന്ന സൗവിക് ദത്ത, ചലാനിലെ ചിത്രം സൂക്ഷിച്ചു നോക്കിയപ്പോഴാണ് തൻ്റെ തോളില്‍ തൂക്കിയിരുന്ന ഗിറ്റാർ ബാഗ് കണ്ടാണ് എഐ ക്യാമറ പിൻസീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചതെന്ന് മനസ്സിലാക്കിയത്.