കൊച്ചിയില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടികൂടി.


അനധികൃത പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച പരാതിയില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണർക്കെതിരെ വിജിലൻസിന്റെ മിന്നല്‍ പരിശോധന.

കൊച്ചി തേവരയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണർ ഓഫീസിലും ഉദ്യോഗസ്ഥ പ്രജനി രാജന്റെ പച്ചാളം ഇരട്ടക്കുളങ്ങരയിലെ രണ്ട് വീടുകളിലുമാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്.

പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും കണ്ടെത്തി. പിടിച്ചെടുത്ത യുഎസ് ഡോളറിന് ഏകദേശം 75,000 രൂപയുടെ മൂല്യമുണ്ടെന്ന് വിജിലൻസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ 7.45ഓടെയാണ് പരിശോധന ആരംഭിച്ചത്. ഏകദേശം 13 മണിക്കൂറിന് ശേഷം രാത്രി ഒൻപത് മണിയോടെയാണ് റെയ്ഡ് പൂർത്തിയായത്. വിജിലൻസ് സ്പെഷ്യല്‍ സെല്‍ എസ്പി എം.ജെ. സോജൻ, ഡിവൈഎസ്പി എ.എല്‍. യേശുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ജോയിന്റ് കമ്മീഷണർക്കെതിരെ നേരത്തെ തന്നെ നിരവധി പരാതികള്‍ വിജിലൻസിന് ലഭിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍നിന്ന് വാറന്റ് നേടിയ ശേഷമാണ് പരിശോധന നടത്തിയത്.

കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജിഎസ്ടി ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നതായും വിജിലൻസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.

Previous Post Next Post