സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് സ്വന്തമാക്കുന്നവർക്കായി ഡിസംബർ 1 മുതൽ 'ഹസാഡ് ടെസ്റ്റ്' കൂടി നടപ്പിലാക്കുമെന്ന് ഗതാഗത കമ്മീഷണർ വ്യക്തമാക്കി. ഈ പുതിയ മാറ്റം വരുന്നതോടെ ലൈസൻസ് നേടിയെടുക്കുന്നത് കൂടുതൽ ശ്രമകരമായി മാറും.
വാഹനം ഓടിക്കുമ്പോൾ റോഡിലുണ്ടാകുന്ന അപകടസാധ്യതകളും അപ്രതീക്ഷിത പ്രതിസന്ധികളും ഡ്രൈവർമാർക്ക് എത്രത്തോളം മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ സാധിക്കുമെന്ന് പരിശോധിക്കുന്നതാണ് ഈ ഹസാഡ് ടെസ്റ്റ്. ലേണേഴ്സ് ടെസ്റ്റ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും ഈ പരീക്ഷ നടക്കുക. വീഡിയോ ഗെയിം മാതൃകയിലായിരിക്കും ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. പരീക്ഷാർത്ഥിക്ക് മുന്നിൽ ആകെ 10 വീഡിയോകൾ പ്രദർശിപ്പിക്കും. വീഡിയോ പ്ലേ ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ഉണ്ടാകുന്ന അപകടസാഹചര്യങ്ങളെ എങ്ങനെ സമർത്ഥമായി മറികടക്കുമെന്ന് കാണിച്ച് കൊടുക്കേണ്ടതുണ്ട്. 10 വീഡിയോകളിലും വിജയിച്ചാൽ 100 മാർക്ക് ലഭിക്കും. ഇതിൽ കുറഞ്ഞത് 60 മാർക്ക് നേടുന്നവർക്ക് മാത്രമേ ഹസാഡ് ടെസ്റ്റ് വിജയിക്കാനാകൂ.
നിലവിൽ ലേണേഴ്സ് ടെസ്റ്റിന് ശേഷം ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റുമാണ് ഉള്ളത്. ഇതിനൊപ്പമാണ് ഡിസംബർ മുതൽ പുതിയ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഹസാഡ് ടെസ്റ്റ് കൂടി കർശനമായി ഉൾപ്പെടുത്തുന്നത്.