ഒരു രാജ്യം, ഒരു സമയം: 2027 മാര്‍ച്ച്‌ മുതല്‍ ഇന്ത്യക്ക് ഏകീകൃത ഔദ്യോഗിക സമയം; അറിയേണ്ട കാര്യങ്ങള്‍.


2027 മാർച്ച്‌ മുതല്‍ ഔദ്യോഗികവും വാണിജ്യപരവും ഡിജിറ്റലുമായ എല്ലാ ഇടപാടുകള്‍ക്കും ഏകീകൃതവും നിയമപരവുമായ ഒറ്റ സമയക്രമത്തിലേക്ക് ഇന്ത്യ മാറുന്നു.

രാജ്യത്തെ നിയമപരവും ഭരണപരവും വാണിജ്യപരവുമായ എല്ലാ കാര്യങ്ങള്‍ക്കും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST) പൊതു റഫറൻസാക്കി കേന്ദ്ര സർക്കാർ 'ലീഗല്‍ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) റൂള്‍സ്, 2026' വിജ്ഞാപനം ചെയ്തു.

ഓഗസ്റ്റ് 27-ന് പുറപ്പെടുവിച്ച ഈ ചട്ടങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച്‌ 180 ദിവസങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വരും. തങ്ങളുടെ സിസ്റ്റങ്ങള്‍ ഇതിനനുസരിച്ച്‌ മാറ്റിയെടുക്കാൻ സ്ഥാപനങ്ങള്‍ക്ക് സമയം നല്‍കാനാണ് ഈ സാവകാശം. സർക്കാറിന്റെ 'ഒരു രാജ്യം, ഒരു സമയം' (One Nation, One Time) എന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഇന്ത്യ നേരത്തെയും ഐഎസ്ടി തന്നെയാണ് പിന്തുടർന്നിരുന്നതെങ്കിലും, ബാങ്കിംഗ്, ഡിജിറ്റല്‍ നെറ്റ്‌വർക്കുകള്‍, മറ്റ് ഇടപാടുകള്‍ എന്നിവ വിദേശ സമയ സ്രോതസ്സുകളെ ആശ്രയിക്കാതെ ഔദ്യോഗികമായ ഇന്ത്യൻ സമയ സ്രോതസ്സുമായി കൃത്യമായി ഏകോപിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ നിയമം.

എന്താണ് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (IST)?

ഇന്ത്യയുടെ ഔദ്യോഗിക സമയമായ ഐഎസ്ടി, കോഓർഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈമിനേക്കാള്‍ (UTC) 5 മണിക്കൂറും 30 മിനിറ്റും മുന്നിലാണ്. എന്നാല്‍ ഐഎസ്ടി എന്നത് വെറുമൊരു UTC+5:30 എന്ന കണക്ക് മാത്രമല്ല. ന്യൂഡല്‍ഹിയിലെ 'സി.എസ്.ഐ.ആർ-നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി' പരിപാലിക്കുന്ന അതീവ കൃത്യതയുള്ള ഒരു സമയക്രമമാണിത്. സിസിയം അറ്റോമിക് ക്ലോക്കുകളും ഹൈഡ്രജൻ മാസറുകളും ഉപയോഗിച്ചാണ് എൻപിഎല്‍ സമയം അളക്കുന്നത്. ഇവയുടെ കൃത്യത എത്രത്തോളമെന്നാല്‍, ഏകദേശം 3 ലക്ഷം വർഷങ്ങളില്‍ കേവലം ഒരു സെക്കൻഡിന്റെ വ്യത്യാസം മാത്രമേ ഈ ക്ലോക്കുകളില്‍ വരാൻ സാധ്യതയുള്ളൂ.

Previous Post Next Post