ഏഷ്യൻ ഗെയിംസ് 2026: വനിതാ കബഡിയില്‍ സ്വര്‍ണത്തിളക്കം; ഇന്ത്യയുടെ മെഡല്‍ നേട്ടം 27 ആയി.

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ലെ ഏഴാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 27 ആയി. വനിതാ കബഡിയില്‍ സ്വർണം, വനിതകളുടെ 50 മീറ്റർ റൈഫിള്‍ 3 പൊസിഷൻസ് ടീം ഇനത്തില്‍ വെള്ളി, മിക്സഡ് ഡബിള്‍സ് സ്ക്വാഷില്‍ വെങ്കലം എന്നിവയാണ് ഇന്ത്യയുടെ പുതിയ മെഡല്‍ നേട്ടങ്ങള്‍.പുരുഷ കബഡി ഫൈനലില്‍ ഇറാൻ ഇന്ത്യയുടെ എതിരാളിയാണ്. വനിതാ കബഡി ഫൈനലില്‍ ഇറാനെ 37-34ന് തോല്‍പ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിന്റെ തുടർച്ചയായ നേട്ടമാണിത്. പുരുഷ ടീമിനും ഇന്ന് ഇറാനെ നേരിടാനുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം. ( India women kabaddi gold medal)

അത്‌ലറ്റിക്സിലും ഇന്ത്യയ്ക്ക് ശ്രദ്ധേയമായ നേട്ടമുണ്ടായി. പുരുഷ മാരത്തണില്‍ സാവൻ ബർവാള്‍ 2:11:37 സമയത്തില്‍ വെള്ളി നേടി. ജപ്പാന്റെ ഇച്ചിതക യമഷിതയാണ് സ്വർണം നേടിയത്. 1982ന് ശേഷം ഏഷ്യൻ ഗെയിംസ് മാരത്തണില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഡെക്കാത്‌ലണില്‍ മൂന്ന് ഇനങ്ങള്‍ പൂർത്തിയായപ്പോള്‍ തേജസ്വിൻ ശങ്കർ മൂന്നാം സ്ഥാനത്താണ്. പുരുഷ 200 മീറ്ററില്‍ അനിമേഷ് കുജൂർ സെമിഫൈനലിലും പ്രവേശിച്ചു. ഷൂട്ടിങ്ങില്‍ ആഷി ചൗക്സി, തിലോത്തമ സെൻ, വിദർശ വിനോദ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം വനിതകളുടെ 50 മീറ്റർ റൈഫിള്‍ 3 പൊസിഷൻസ് ഇനത്തില്‍ വെള്ളി നേടി. വ്യക്തിഗത ഫൈനലില്‍ തിലോത്തമ നാലാമതും വിദർശ അഞ്ചാമതും ഫിനിഷ് ചെയ്തു. സ്ക്വാഷില്‍ ജോഷ്ന ചിന്നപ്പ-വേലവൻ സെന്തില്‍കുമാർ സഖ്യം സെമിഫൈനലില്‍ തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കി.
Previous Post Next Post