2 കിലോ സ്വര്‍ണം, 1.42 കിലോ തൂക്കമുള്ള സ്വര്‍ണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കള്‍..

ഹൈദരാബാദ് :തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ മെന്ദു ലോകനാഥത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ആന്ധ്രപ്രദേശ് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി).ലോകനാഥത്തിന്റെ വീട്ടിലും ഓഫീസിലും ബന്ധുക്കളുടെ വീടുകളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം അഞ്ച് കോടി രൂപ മൂല്യമുള്ള സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയതായി എസിബി അറിയിച്ചു.

ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന ആരംഭിച്ചത്. ഡിഎസ്പി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തില്‍ ഏഴ് എസിബി സംഘങ്ങളാണ് റെയ്ഡ് നടത്തിയത്. തിരുപ്പതിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തി.

ലോകനാഥത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട്, രണ്ട് ഹൗസ് പ്ലോട്ടുകള്‍, ഒരു കെട്ടിടം എന്നിവ പരിശോധനയില്‍ കണ്ടെത്തിയതായി എസിബി വ്യക്തമാക്കി. വഡമാലപേട്ടയിലെ പാദിരേഡു അരണ്യം ഗ്രാമത്തിലും ശ്രീനിവാസ നഗറിലും ഭൂമിയുള്ളതായും കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും മകന്റെയും പേരിലുള്ള നാല് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ വിവരങ്ങളും ലഭിച്ചു. ലോകനാഥത്തിന്റെ വീട്ടില്‍നിന്ന് സ്വർണപാത്രവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ലോകനാഥത്തിന്റെ ഭാര്യയുടെ സഹോദരന്മാരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോഗ്രാം സ്വർണം, 12.5 ലക്ഷം രൂപ പണം, 6.5 കിലോഗ്രാം വെള്ളി എന്നിവയും കണ്ടെത്തിയതായി എസിബി അറിയിച്ചു. ഏകദേശം 31.98 ലക്ഷം രൂപ വിലമതിക്കുന്ന സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തിന്റെ രേഖകളും പരിശോധനയില്‍ ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Previous Post Next Post