ക്രൈസ്തവ സ്ത്രീക്ക് താമസിക്കുന്നിടത്തെ കുടുംബക്കോടതിയില്‍ വിവാഹമോചനഹര്‍ജി നല്‍കാം.


ക്രൈസ്തവ സമുദായക്കാരിയായ സ്ത്രീക്ക് അവര് താമസിക്കുന്നിടത്തെ കുടുംബക്കോടതിയില് വിവാഹമോചന ഹര്ജി നല്കാമെന്ന ചരിത്രവിധിയുമായി ഹൈക്കോടതി.

വയനാട് സ്വദേശിനിയായ യുവതിയുടെ അപ്പീല് അനുവദിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന് നമ്പ്യാര്, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.

വിവാഹം നടന്ന കാസര്ഗോട്ടാണു ഹര്ജിക്കാരിയും ഭര്ത്താവും താമസിച്ചത്. പിന്നീട് ഭര്ത്താവുമായി പിണങ്ങി ഇപ്പോള് താമസിക്കുന്ന കല്പ്പറ്റ കുടുംബക്കോടതിയില് ഹര്ജിക്കാരി വിവാഹമോചന ഹര്ജി നല്കിയെങ്കിലും അനുവദനീയമല്ലെന്നു വ്യക്തമാക്കി ഹര്ജി മടക്കി. തുടര്ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിലവില് നിയമമില്ലാത്തതിനാല് ഹര്ജി തള്ളി. തുടര്ന്നാണ് അപ്പീല് നല്കിയത്.

ക്രിസ്ത്യന് വിഭാഗത്തിനു മാത്രം ബാധകമായ വിവാഹമോചന നിയമപ്രകാരം വിവാഹം നടന്ന സ്ഥലത്തും ഭാര്യാ- ഭര്ത്താക്കന്മാർ ഒരുമിച്ചു താമസിച്ച സ്ഥലത്തും അവസാനമായി ഒരുമിച്ചു താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹര്ജി നല്കാനാകുക. ഭാര്യ താമസിക്കുന്ന സ്ഥലത്ത് വിവാഹമോചന ഹര്ജി നല്കാനാകില്ല.

അതേസമയം, ഹിന്ദു വിവാഹ നിയമത്തിലും സ്പെഷല് മാര്യേജ് ആക്ടിലും, ഭാര്യ താമസിക്കുന്ന സ്ഥലത്തു ഹര്ജി നല്കാന് വ്യവസ്ഥയുണ്ട്. ഈ വിവേചനം ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

Previous Post Next Post