കേരളത്തിലെ പ്രമുഖ മലയാള മാധ്യമ സ്ഥാപനമായ മലയാള ശബ്ദം ന്യൂസും ഇന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടായ ലോജിക് ജെ.കെ. ഷായും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് എക്സലൻസ് അവാർഡ് വിതരണം ഇന്ന് നടന്നു.
രാവിലെ കോട്ടയം എംഡി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ബഹു. മന്ത്രി ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ തങ്ങളുടേതായ കഴിവും പ്രവർത്തന മികവും തെളിയിച്ച 11 വ്യക്തികളെ മന്ത്രി പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽ ഏറ്റുമാനൂർ എംഎൽഎ ശ്രീ നാട്ടകം സുരേഷ് മുഖ്യാതിഥിയായി.
പ്ലസ് വൺ പൊതു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് നാട്ടകം സുരേഷ് അവാർഡ് സമ്മാനിച്ചു. ജില്ലാ പോലീസ് മേധാവി ശ്രീ സാബു മാത്യു തൂഫാൻ ലഹരി വിരുദ്ധ സന്ദേശം നൽകി.
മലയാളശബ്ദം ചീഫ് എഡിറ്റർ ശ്രീ അനൂപ് കെ എം അധ്യക്ഷത വഹിച്ചു.
ലോജിക് സ്കൂൾ ബ്രാഞ്ച് ഹെഡ് ശ്രീ ശ്യാം കുമാർ സ്വാഗതം ആശംസിച്ചു.
സമൂഹത്തിന് വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന പ്രതിഭകളെ കണ്ടെത്തി അവരുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എക്സലൻസ് അവാർഡ് സംഘടിപ്പിക്കുന്നത്.
11 വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 11 വ്യക്തികൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകിയത്. വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യം, ബിസിനസ്, സേവന മേഖല, കലാ-സാംസ്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.