തിരുവനന്തപുരത്ത് പൊലീസ് യൂണിഫോമിന്റെ പേരില്‍ വൻ തട്ടിപ്പ്; പൊലീസുകാരനെതിരെ കേസ്.


പൊലീസ് യൂണിഫോം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പൊലീസ് ഉദ്യോഗസ്ഥൻ.

തിരുവനന്തപുരം എസ്‌എപി ക്യാമ്പില്‍ നടന്ന സംഭവത്തില്‍ കെഎപി ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ ശംഭു ആർ. കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ട്രെയിനികളില്‍ നിന്ന് യൂണിഫോമിനായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപയാണ് ഇയാള്‍ അപഹരിച്ചത്.

തിരുവനന്തപുരത്തെ എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനികള്‍ക്കായി നടക്കുന്ന പരിശീലനത്തിന്റെ ഭാഗമായാണ് യൂണിഫോം വാങ്ങാൻ തീരുമാനിച്ചത്. ഇതിനായി രൂപീകരിച്ച യൂണിഫോം പർച്ചേസിങ് കമ്മിറ്റിയിലെ അംഗമായിരുന്നു പ്രതിയായ ശംഭു. ഈ ചുമതലയുടെ മറവിലാണ് ഇയാള്‍ ട്രെയിനികളില്‍ നിന്നും യൂണിഫോമിനായി പണം പിരിച്ചത്. എന്നാല്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടും യൂണിഫോം വാങ്ങാനുള്ള ഓർഡർ നല്‍കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. യൂണിഫോം ലഭിക്കാൻ വൈകിയതോടെ പണം നല്‍കിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ഏഴു ലക്ഷം രൂപയാണ് ഇയാള്‍ യൂണിഫോമിന്റെ പേരില്‍ പിരിച്ചെടുത്തിരുന്നത്. എന്നാല്‍ ഇതില്‍ ഒരു രൂപ പോലും യൂണിഫോം വാങ്ങുന്നതിനായി കമ്പനികള്‍ക്ക് കൈമാറിയിരുന്നില്ല. തട്ടിയെടുത്ത പണം പൂർണമായും ഓണ്‍ലൈൻ ഗെയിം കളിച്ചാണ് ശംഭു നഷ്ടപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പണം തിരികെ ലഭിക്കില്ലെന്നും ഓർഡർ നല്‍കിയിട്ടില്ലെന്നും ഉറപ്പായതോടെ തട്ടിപ്പിനിരയായ പൊലീസുകാർ തന്നെ പരാതി നല്‍കാൻ തയ്യാറാവുകയായിരുന്നു.

Previous Post Next Post