ഇരിട്ടി :പ്രതിശ്രുത വധൂവരന്മാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു.ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഡിസംബർ 26ന് വിവാഹം നടത്താനിരിക്കെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചത്.
കാസർകോട് പൂച്ചക്കാട്ടെ പി. അനുശ്രീ (25), ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി. അമല്‍ (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമല്‍ എറണാകുളത്തും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായിരുന്നു. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടല്‍മുറിയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള വീഡിയോ കോളിന് പിന്നാലെയായിരുന്നു സംഭവങ്ങള്‍.
ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കില്‍ ജോലി ചെയ്തിരുന്നു. അതിന് ശേഷമായിരുന്നു സംഭവം. ഈ സമയത്ത് അനുശ്രീയുമായി ഫോണില്‍ സംസാരിച്ചിരുന്നെന്നും അപ്പോള്‍ അമല്‍ വിളിച്ച കാര്യം അനുശ്രീ പറഞ്ഞിരുന്നെന്നും സഹോദരി വ്യക്തമാക്കി. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് കുടുംബം പറയുന്നത്.ബുധനാഴ്ച രാവിലെ അനുശ്രീയെ ഫോണില്‍ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് കുടുംബം അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അനുശ്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
അമല്‍ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീയുടെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ബുധനാഴ്ച രാവിലെ 8.45ഓടെ എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ അമല്‍ മുറിയെടുത്തിരുന്നു. തുടർന്ന് തന്റെ ലൊക്കേഷൻ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കി. എന്താണ് സംഭവിച്ചതെന്നറിയാൻ സുഹൃത്തുക്കള്‍ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സുഹൃത്തുക്കള്‍ ലോഡ്ജിലെത്തി പരിശോധിച്ചപ്പോഴാണ് അമലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.എറണാകുളം നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയശേഷം അമലിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.
അനുശ്രീയുടെ അച്ഛൻ കെ. ചന്ദ്രൻ നീലേശ്വരത്തെ മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തുന്നു. അമ്മ: റീന. സഹോദരി: ശ്രീലക്ഷ്മി.
അമലിന്റെ അച്ഛൻ: സുധാകരൻ. അമ്മ: എ. അനിത. സഹോദരി: നക്ഷത്ര.