ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ കേരള എന്നത് കേരളമാക്കി മാറ്റുന്നതിനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയില്‍ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം ഈ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരം നല്‍കിയിരുന്നു.
2024 ജൂണ്‍ 24ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. ബില്‍ നിയമമായി മാറുമ്പോള്‍ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലെല്ലാം കേരള എന്നത് കേരളം എന്ന് മാറപ്പെടും. സ്വാതന്ത്ര്യ സമരകാലം മുതല്‍ ഐക്യ കേരളം രൂപീകരിക്കണമെന്ന ആവശ്യമുയർന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 1956 നവംബർ ഒന്നിനാണ് കേരളം സംസ്ഥാനം രൂപീകൃതമായത്. എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ പോരായ്മ പരിഹരിച്ചാണ് ഇപ്പോള്‍ ഔദ്യോഗികമായി പേര് കേരളം എന്ന് മാറ്റുന്നത്.