സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം; അഞ്ച് മാസത്തിനിടെ ലക്ഷക്കണക്കിന് ബ്ലോക്കിംഗ് ഉത്തരവുകള്‍.

ബ്ലോക്ക്‌ ചെയ്യാനുള്ള ഒരു ഉത്തരവ് വരുന്നത് ശരാശരി ഓരോ 68 സെക്കൻഡിലുമാണ്. അതായത് ദിവസവും ഏകദേശം 1,275 എണ്ണം.വെറും അഞ്ച് മാസത്തിനുള്ളില്‍ വന്നത് ഏകദേശം 1.95 ലക്ഷം ഉത്തരവുകള്‍.

ഈ വർഷം മാർച്ചിനും ജൂലൈയ്ക്കും ഇടയില്‍ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് ഓണ്‍ലൈൻ ഉള്ളടക്കം നിയന്ത്രിക്കാൻ ആവശ്യപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വലിയ തോതിലുള്ള നിർദ്ദേശങ്ങളുടെ കണക്കാണിത്. ദി ഇന്ത്യൻ എക്സ്പ്രസ് ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പ്രധാനമായും, ഈ കാലയളവിലാണ് ഡല്‍ഹിയിലെ ജന്തർമന്തറില്‍ പരീക്ഷാ ചോർച്ചയ്‌ക്കെതിരെ വിദ്യാർത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ജൂണ്‍ ആദ്യം ആരംഭിച്ച ഈ സമരം അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് പിൻവലിച്ചത്.

ഈ വലിയ വർദ്ധനവിന്റെ ആഘാതം മനസ്സിലാക്കാൻ, കഴിഞ്ഞ വർഷം ദി ഇന്ത്യൻ എക്സ്പ്രസിന് വിവരാവകാശ നിയമപ്രകാരം (RTI) ലഭിച്ച രേഖകള്‍ പരിശോധിക്കാം. 2024 ഒക്ടോബറിനും 2025 ഒക്ടോബറിനും ഇടയില്‍ സഹയോഗ് പോർട്ടല്‍ വഴി 19 ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ക്കായി ആകെ 2,312 ബ്ലോക്കിംഗ് ഉത്തരവുകളാണ് അയച്ചത്. അതായത് പ്രതിദിനം ശരാശരി ആറ് ഉത്തരവുകള്‍ മാത്രം.

മാസം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെങ്കിലും, പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍, പ്രത്യേകിച്ച്‌ ഇൻസ്റ്റാഗ്രാമില്‍, ഗണ്യമായ അളവില്‍ ബ്ലോക്കിംഗ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളില്‍ ഇൻസ്റ്റാഗ്രാമിനാണ് സർക്കാരിന്റെ ഇത്തരം നിർദ്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത്. അഞ്ച് മാസത്തിനുള്ളില്‍ ഏകദേശം 1 ലക്ഷം ബ്ലോക്കിംഗ് ഉത്തരവുകളാണ് ഇൻസ്റ്റാഗ്രാമിന് ലഭിച്ചത് - ഇത് ആകെ ഉത്തരവുകളുടെ പകുതിയിലധികമാണ്.

ലോകമെമ്പാടും ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവ് നേരിടുന്ന ഫേസ്ബുക്കിന് ഏകദേശം 80,000 ഉത്തരവുകള്‍ ലഭിച്ചപ്പോള്‍, യൂട്യൂബിന് ഏകദേശം 15,000 എണ്ണം ലഭിച്ചു.
Previous Post Next Post