കാരശ്ശേരി കാരിയോട്ട് ബലരാമ ക്ഷേത്രത്തില്‍ വൻ കവർച്ച. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പണം കവർന്നു. പുലർച്ചെയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.
ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഒരു ഭണ്ഡാരവും പ്രധാന കെട്ടിടത്തിനകത്ത് സ്ഥാപിച്ചിരുന്ന മറ്റൊരു ഭണ്ഡാരവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ആസൂത്രിതമായാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഏണി ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ ക്ഷേത്രമതില്‍ കെട്ടിനുള്ളിലേക്ക് കടന്നത്. തുടർന്ന് ജനങ്ങളുടെയോ ഭക്തരുടെയോ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്തേക്ക് ഭണ്ഡാരങ്ങള്‍ മാറ്റി സ്ഥാപിച്ച ശേഷമാണ് കുത്തിത്തുറന്ന് പണം കവർന്നത്.
രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങള്‍ തകർത്ത നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും തുടർന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മുക്കം പോലീസ് ഉടൻ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവെടുപ്പിനായി വിരലടയാള വിദഗ്ധരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.