തിരുവനന്തപുരം വള്ളക്കടവില്‍ രാത്രി ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല കവർന്ന കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേർ പിടിയില്‍.
കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരാണ് പിടിയിലായത്.
ഓഗസ്റ്റ് 18ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. മോഷ്ടിച്ച മാല പ്രതികള്‍ ചാലയിലെ ഒരു സ്വർണക്കടയില്‍ വില്‍ക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകള്‍ വാങ്ങുകയും ചെയ്തിരുന്നു.
ടീച്ചർ പ്രതികളെത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു. കൃത്യത്തിനു ശേഷം പ്രതികള്‍ തൃപ്പൂണിത്തുറയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു. പിന്നാലെ പോലീസ് സ്വർണക്കടയില്‍ എത്തി മാല കണ്ടെടുത്തു.
കൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.