'സെൻസസ് 2027'-ന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിനായി (Population Enumeration) തയ്യാറാക്കിയ ഔദ്യോഗിക ഗൃഹപട്ടികയും വിവരശേഖരണ ചോദ്യങ്ങളും പുറത്തുവിട്ടു.വ്യക്തിഗതവും സാമൂഹികവും സാമ്പത്തികവുമായ വിവിധ തലങ്ങള്‍ വിശകലനം ചെയ്യുന്ന 40 പ്രധാന ചോദ്യങ്ങളാണ് ഇത്തവണത്തെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വ്യക്തിയുടെ പേര്, കുടുംബനാഥനുമായുള്ള ബന്ധം, ലിംഗം, ജനനത്തീയതി, നിലവിലെ പ്രായം, വിവാഹ നില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങള്‍, സ്ഥിര താമസ വിലാസം, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം, സ്ഥലംമാറ്റത്തിന്റെ കാരണം, താമസിച്ച കാലയളവ് എന്നിവയാണ് അടിസ്ഥാനപരമായ വ്യക്തിവിവരങ്ങളായി ശേഖരിക്കുന്നത്. കൂടാതെ വ്യക്തി പ്രഖ്യാപിക്കുന്ന രീതിയിലുള്ള ദേശീയത, മതം എന്നിവയ്‌ക്കൊപ്പം പട്ടികജാതി, പട്ടികവർഗ്ഗം അല്ലെങ്കില്‍ മറ്റ് ജാതി വിവരങ്ങള്‍ എന്നിവയും ഇതിലൂടെ രേഖപ്പെടുത്തും.സാമ്പത്തികവുമായ പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിനായി മാതൃഭാഷ, മറ്റ് ഭാഷാപരിജ്ഞാനം, വൈകല്യങ്ങള്‍, സാക്ഷരതയ്‌ക്കൊപ്പം പുതിയകാലത്തെ ഡിജിറ്റല്‍ സാക്ഷരതാ നിലവാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജർ നില, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പഠനശാഖയും എന്നിവ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തെ ജോലി പരിചയം, സാമ്പത്തിക പ്രവർത്തനങ്ങളുടെ സ്വഭാവം, തൊഴില്‍ തരം, തൊഴില്‍ ലഭ്യത, ജോലിസ്ഥലത്തേക്കുള്ള യാത്രാമാർഗ്ഗം എന്നിവയും കണക്കിലെടുക്കും.