കൊളംബിയയില്‍ വൻ ഭൂചലനം; മരണം 164 ആയി, രക്ഷാപ്രവര്‍ത്തനം രണ്ടാം ദിവസവും തുടരുന്നു.

കൊളംബിയയിലെ പടിഞ്ഞാറൻ മേഖലയില്‍ നാശം വിതച്ച 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം രണ്ടാം ദിവസവും തുടരുന്നു.തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ ഇതുവരെ 164 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് (Colombia Earthquake). കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

കൊളംബിയയുടെ കാപ്പി ഉല്‍പ്പാദന മേഖലയിലൂടെയാണ് ശക്തമായ ഭൂചലനം കടന്നുപോയത്. കാലി, പെരെയ്റ തുടങ്ങിയ നഗരങ്ങളില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകർന്നുവീണു. ചരിത്രപ്രസിദ്ധമായ മനിസാലസ് കത്തീഡ്രലിന്റെ ഒരു ഗോപുരത്തിനും കേടുപാടുകള്‍ സംഭവിച്ചു. പൊലീസ്, സൈന്യം, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹായത്തോടെ രാത്രിയിലും മണ്ണുമാന്തി യന്ത്രങ്ങളും കൈകളും ഉപയോഗിച്ച്‌ അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഏകദേശം 22 ലക്ഷം പേർ താമസിക്കുന്ന കാലിയിലാണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ 85 പേർ മരിച്ചതായാണ് റിപ്പോർട്ട്. നഗരത്തിലെ ഒരു ആശുപത്രിയുടെ മുകളിലെ നിലകളില്‍ ചിലത് തകർന്നതോടെ രോഗികള്‍ കുടുങ്ങി. കുട്ടികള്‍ക്കായുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ നിരവധി രോഗികളെ ഒഴിപ്പിക്കേണ്ടിവന്നു. ഏകദേശം 600 പേരെ ആശുപത്രിക്ക് പുറത്തുള്ള റോഡില്‍ ചികിത്സിക്കേണ്ട സാഹചര്യമുണ്ടായതായി ആശുപത്രി ഡയറക്ടർ അറിയിച്ചു.
Previous Post Next Post