വലിയ പ്രഖ്യാപനങ്ങളോടെയും അപ്രതീക്ഷിത വിവാദങ്ങളോടെയും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ ആദ്യ 100 ദിവസങ്ങള്‍ പൂർത്തിയാക്കുന്നു.പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലെത്തിയ സർക്കാരിന്റെ നൂറു ദിനങ്ങള്‍ ജനക്ഷേമ പദ്ധതികളാല്‍ സമ്പന്നമാണെങ്കിലും, ഒന്നിന് പുറകെ ഒന്നായി ഉയർന്ന വിവാദങ്ങള്‍ ഭരണപക്ഷത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
സർക്കാരിന്റെ പ്രവർത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ആഭ്യന്തര വകുപ്പും ഉന്നത വിദ്യാഭ്യാസ-വിദ്യാഭ്യാസ മേഖലകളുമാണ്. ലഹരിക്കെതിരെ കടുത്ത നിലപാടുമായി വന്ന ‘ഓപ്പറേഷൻ തൂഫാൻ’, പൊലീസിന്റെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട ‘മൈ പൊലീസ് സ്റ്റേഷൻ’ എന്നിവ വലിയ ജനശ്രദ്ധ നേടി. ഗതാഗത വകുപ്പ് മുന്നോട്ടുവെച്ച ‘പ്രിയദർശിനി’ പദ്ധതിയും ജനങ്ങള്‍ ഏറ്റെടുത്തു. കേരളത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’യാണ് മറ്റൊരു പ്രധാന പ്രോജക്‌ട്.വിദ്യാഭ്യാസ രംഗത്ത് വമ്പൻ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പദ്ധതികളും സർക്കാർ നടപ്പിലാക്കി. മുൻ സർക്കാരിന്റെ കാലത്തുണ്ടായ വിഷയങ്ങളിലും ക്രമക്കേടുകളിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സതീശൻ സർക്കാർ സ്വീകരിച്ചത്. എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ, കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ മുൻ മന്ത്രി വീണാ ജോർജിനെതിരെയുണ്ടായ പ്രതിഷേധത്തിലെ എസ്.ഐ.ടി അന്വേഷണം, പി.എസ്.സി ക്രമക്കേടുകളിലെ കടുത്ത നിലപാടുകള്‍ എന്നിവ ഇതിന് ഉദാഹരണമാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും നെയ്യ് വാങ്ങിയതിലെ അഴിമതിയും കൂടാതെ മുൻ സർക്കാരിന്റെ കാലത്ത് മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ വരെ പുതിയ സർക്കാരിന്റെ അന്വേഷണ പരിധിയിലുണ്ട്.
എന്നാല്‍, പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഉന്നയിച്ച വിമർശനങ്ങള്‍ ഭരണപക്ഷത്തെത്തിയപ്പോള്‍ തിരിഞ്ഞുകുത്തുന്ന അനുഭവവും സർക്കാരിനുണ്ടായി. ബന്ധുനിയമന വിവാദമാണ് സർക്കാരിനെ ആദ്യം പ്രതിരോധത്തിലാക്കിയത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവിനെ നിയമിച്ചത് വിവാദമായതോടെ ഒടുവില്‍ രാജിവെയ്പ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍, പദ്ധതി പ്രഖ്യാപനങ്ങള്‍ കൊണ്ട് ആവേശം സൃഷ്ടിക്കുമ്പോഴും പ്രതിപക്ഷത്തിരുന്ന് വിമർശിച്ച കാര്യങ്ങള്‍ തന്നെ സ്വയം തിരുത്തേണ്ടി വരുന്നു എന്നത് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളില്‍ പ്രകടമാണ്.