സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. കഴിഞ്ഞ ഒരു മാസത്തിനിടെ പദ്ധതിയുടെ ഭാഗമായി 3.81 കോടി സർവീസുകള്‍ നടത്തിയെന്നും കെഎസ്‌ആർടിസിയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതിദിനം അഞ്ചര ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായി ഉയർന്നുവെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതി ടൂറിസം മേഖലയ്ക്കും വലിയ ഉണർവ് നല്‍കി. ഗവി, പൊന്മുടി, നെല്ലിയാമ്പതി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധനവുണ്ടായി. മലക്കാപ്പാറയില്‍ മാത്രം 48 ശതമാനം സന്ദർശകരാണ് വർധിച്ചത്. പ്രിയദർശിനി പദ്ധതി മൂലം കെഎസ്‌ആർടിസിക്ക് പ്രതിമാസം 60 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുന്നുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ബജറ്റില്‍ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കെഎസ്‌ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള അധികാര വികേന്ദ്രീകരണം കൊണ്ടുവന്നതായും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ഡിപ്പോകളിലും അതാത് പ്രദേശത്തെ എംഎല്‍എമാർ അധ്യക്ഷന്മാരായുള്ള പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു. യാത്രക്കാരുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ‘149’ എന്ന നമ്പറില്‍ പുതിയ കോള്‍ സെന്റർ ആരംഭിച്ചു. മികച്ച സേവനം കാഴ്ചവെയ്ക്കുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മാസത്തിലൊരിക്കല്‍ ബഹുമതി നല്‍കും.