വാര്‍ഡില്‍ വിതരണം ചെയ്യുന്നതിനിടെ ഉറക്കഗുളികകളും വിഷാദത്തിനുള്ള ഗുളികകളും കാണാനില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മോഷണം.


തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരുന്ന് മോഷണം. നഴ്‌സുമാര്‍ വാര്‍ഡില്‍ വിതരണം ചെയ്യുന്നതിനിടെ നര്‍കോട്ടിക് വിഭാഗത്തില്‍പെടുന്ന മരുന്നുകളാണ് മോഷണംപോയത്.

ശനിയാഴ്ച പുലര്‍ച്ചെ മരുന്ന് വിതരണത്തിനിടെ 14ാം വാര്‍ഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ഉപയോഗിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുന്ന മരുന്നുകളാണ് മോഷണം പോയത്.

ഫാര്‍മസിയില്‍നിന്ന് എത്തിച്ച മരുന്നുകളാണു കവര്‍ന്നത്. മോഷ്ടിച്ച മരുന്നുകളുടെ അളവ് ലഭ്യമായിട്ടില്ല. ഡബിള്‍ ലോക്കറില്‍ വയ്‌ക്കേണ്ട, അതീവ സുരക്ഷയില്‍ സൂക്ഷിക്കേണ്ട മരുന്നുകളാണ് മോഷണം പോയതെന്നാണ് വിവരം. ഉറക്കഗുളികകളും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കഴിക്കുന്ന മരുന്നുകളും നഷ്ടമായവയില്‍പെടുന്നു. ആശുപത്രി സെക്യൂരിറ്റി ഓഫിസറുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

അതേസമയം മോഷ്ടാവിനെക്കുറിച്ച്‌ പ്രാഥമിക സൂചനകള്‍ ലഭിച്ചതായാണ് വിവരം. ആശുപത്രി വാര്‍ഡില്‍ വിതരണത്തിനെത്തിച്ച മരുന്നുകള്‍ മോഷണംപോയ സംഭവം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Previous Post Next Post