മരങ്ങാട്ടുപിള്ളിയില്‍ കുടുംബവഴക്കിനെ തുടര്‍ന്നു യുവാവ് പെട്രോള്‍ ദേഹത്തൊഴിച്ച്‌ ആത്മഹത്യാശ്രമം നടത്തി..

കോട്ടയം :മരങ്ങാട്ടുപിള്ളി കുടുംബവഴക്കിനെ തുടര്‍ന്നു മുറിയില്‍ കയറി വാതല്‍ അടച്ചു യുവാവു പെട്രോള്‍ ദേഹത്തൊഴിച്ച്‌ ആത്മഹത്യാശ്രമം നടത്തി.കുറിച്ചിത്താനം കുന്നങ്കിയില്‍ കുടുംബസമേതം വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ഇടുക്കി ചെറുതോണി സ്വദേശി ലിജേഷ് (41) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനില്‍ ഇരുവരെയും വിളിച്ചുവരുത്തി സംസാരിച്ചു പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു.എന്നാല്‍ ഇന്നു രാവിലെ വീണ്ടും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തുടര്‍ന്നു ലിജേഷ് മുറിയില്‍ കയറി അകത്തുനിന്നു വാതില്‍ പൂട്ടി കരുതിവെച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തി.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മരങ്ങാട്ടുപിള്ളി പോലീസും പാലായില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട അനുനയശ്രമത്തിനൊടുവില്‍ ലിജേഷിനെ ആത്മഹത്യാശ്രമത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ പോലീസിനു സാധിച്ചു. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post