പ്രിയദര്‍ശിനി ബസില്‍ നിന്നും തെറിച്ചുവീണു; കണ്ടക്ടര്‍ക്ക് പരിക്ക്.

കെ .എസ്.ആര്‍.ടി.സി. പ്രിയദര്‍ശിനി ബസില്‍നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്തുനിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് അപകടത്തില്‍പ്പെട്ടത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ മുന്‍വശത്തെ ഡോര്‍ പെട്ടെന്ന് തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംഭവസമയത്ത് ബസില്‍ നൂറ്റിമുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. വന്‍ തിരക്കുമൂലം ആയക്കാട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍നിന്ന് ഏകദേശം ഇരുപത് അടി മാറിയാണ് മുഹമ്മദ് റോഡിലേക്ക് വീണത്. പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള പുളിങ്കുട്ടം ബസ് സ്റ്റോപ്പില്‍വെച്ച്‌ മുഹമ്മദ് മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങി പുറകുവശത്തെ ഡോറിലൂടെ തിരികെ കയറി വാതില്‍ അടച്ചിരുന്നതായി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. എന്നാല്‍, ബസിനുള്ളിലെ അമിതമായ തിരക്കുമൂലം ഡോര്‍ അബദ്ധത്തില്‍ തുറന്നുപോയതാകാം കണ്ടക്ടര്‍ താഴേക്ക് വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post