മന്ത്രിസഭാ യോഗം ഇന്ന് ; കള്ളാടി ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ചര്‍ച്ചയാവും.

മന്ത്രി സഭാ യോഗം ഇന്ന്, കള്ളാടി ദുരന്തത്തില്‍ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ചർച്ചയാവും. യോഗത്തിന് ശേഷം മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിക്കും.രാവിലെ 11.30 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് കള്ളായിലെ ദുരന്തമേഖലയിലേക്ക് തിരിക്കും. അതിന് മുമ്പായി മന്ത്രിസഭയോഗം ചേരുകയും മാധ്യമങ്ങളെ കാണും എന്നുമാണ് അറിയിച്ചിരിക്കുന്നത്.

സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ വലിയ പ്രകൃതിദുരന്തമാണ് കള്ളാടിയിലേത്. മുഖ്യമന്ത്രി നേരിട്ടാണ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ദുരന്തം നടന്ന ഉടൻ തന്നെ രണ്ട് മന്ത്രിമാരും ദുരന്ത മേഖലയില്‍ എത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്നത്തെ മൂന്ന് മന്ത്രിസഭയോഗത്തില്‍ നടക്കും. തുരങ്കപ്പാത നിർമ്മാണ കരാർ ഏറ്റെടുത്ത കൊങ്കണ്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. സ്വാഭാവികമായും കമ്പനിയുടെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ഈടാക്കി ദുരന്തബാധിതർക്ക് നല്‍കുന്ന കാര്യത്തിലും മന്ത്രിസഭയില്‍ ചർച്ച ഉണ്ടായേക്കും എന്നാണ് സൂചന.കഴിഞ്ഞ മാസം 20 ന് ജില്ല കലക്ടർ മണ്ണ് മാറ്റാൻ നല്‍കിയ നിർദേശവും 25 ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ നിർദേശവും കരാർ കമ്പനി പാലിച്ചിരുന്നില്ല. നിർമ്മാണ കരാർ കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് മാറ്റുന്ന കാര്യത്തിലും ചർച്ച നടക്കാൻ സാധ്യതകയുണ്ട്. വയനാട്ടിലെ കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ വൻ മണ്ണിടിച്ചിലില്‍ കാണാതായ അഞ്ചുപേർക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ 11:15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണിടിച്ചിലില്‍ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടം നടപടികള്‍ ഉള്‍പ്പെടെ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്ക് പൂർണമായി പ്രവേശനം നിരോധിച്ചിരിക്കുകയാണ്; സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്.കൂടുതല്‍ കാര്യക്ഷമവും വേഗത്തിലുമുള്ള പരിശോധനയ്ക്കായി ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളാക്കി തിരിച്ചിട്ടുണ്ട്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നത്. മണ്ണിടിഞ്ഞ് പൂർണമായും ഗതാഗതം തടസപ്പെട്ടിരുന്ന 200 മീറ്ററോളം വരുന്ന റോഡ് 12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവില്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പൂർണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
Previous Post Next Post