തുരങ്കപാത നിർമ്മാണം നടക്കുന്ന വയനാട് കള്ളാടിയില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊർജ്ജിതമായ തെരച്ചില്‍ നടക്കും.
കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കും. അതേസമയം, വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നുച്ചയോടെ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദർശിക്കും. നിലവില്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കള്ളാടയില്‍ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളില്‍ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേല്‍നോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്നു പേർ മരിച്ചു. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവർക്കായുള്ള തെരച്ചിലാണ് തുടരുന്നത്. സമീപ പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചുളിക്ക സർക്കാർ എല്‍പി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരല്‍മല- അട്ടമല പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടയില്‍ കുടുങ്ങി കിടപ്പുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.