ഓപ്പറേഷൻ തൂഫാൻ: മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി.

മയക്കുമരുന്ന് മാഫിയയ്ക്കെതിരായ ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

തൂഫാൻ ഏകോപിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ എസ്പി റാങ്കില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ആയിരുന്നു യോഗം.

കേന്ദ്ര ഏജൻസികളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരും ചേർന്നുള്ള വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തില്‍ ആരംഭിക്കുന്നത്. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നതിനുള്ള സാഹചര്യങ്ങള്‍ പൂർണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം.ബസ്, ട്രെയിൻ, വിമാനം, ബോട്ട് തുടങ്ങിയ മാർഗങ്ങളില്‍ മയക്കുമരുന്ന് എത്തുന്നത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് കടത്തുകാർ പുതിയ മാർഗങ്ങള്‍ കണ്ടെത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈനിലും കൊറിയറിലുമായി ലഹരിമരുന്ന് എത്തുന്നുണ്ട്. ഡോക്ടറുടെ കുറുപ്പടിയില്ലാതെ ഒരു മരുന്നും വിതരണം ചെയ്യാൻ പാടില്ല.
Previous Post Next Post