ആഗോള വിപണയില്‍ എണ്ണവില കുതിക്കുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയര്‍ന്നു. ഇന്നത്തെ വ്യാപാരത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വിപണിയില്‍ വിലവര്‍ധനയ്ക്ക് പ്രധാന കാരണമായത്. ബ്രെന്റ് ക്രൂഡ് വില 2.7 ശതമാനം ഉയര്‍ന്ന് ബാരലിന് 90.50 ഡോളറിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ വില നാലു ശതമാനം വരെ ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ലിയുടിഐ) ഓഗസ്റ്റ് ഡെലിവറി വില 2.4 ശതമാനം വര്‍ധിച്ച്‌ 84.49 ഡോളറിലെത്തി.

ഇറാനിയന്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ഒന്‍പതാം രാത്രിയും ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയ ഇറാനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി കുവൈത്തും സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗത സുരക്ഷയും ഗുരുതര വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ അപകടകരമായ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച നാലു കപ്പലുകളെ തടഞ്ഞതായി ഇറാന്‍ അറിയിച്ചു. ഇതില്‍ രണ്ടു കപ്പലുകള്‍ അപകടത്തില്‍പ്പെട്ടതായും ശേഷിച്ചവ തിരിച്ചയച്ചതായും ഇറാന്‍ അവകാശപ്പെട്ടു. ഒമാന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തിന് സമീപം ഒരു കപ്പലില്‍ തീപിടിത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സും അറിയിച്ചു.
Previous Post Next Post