പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം അവസാനിച്ചു. അടുത്ത സമ്മേളനം മുതല്‍ നിയമസഭയില്‍ സന്ദർശകർക്കു പ്രായോഗികമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.പത്തു വർഷത്തിനു ശേഷം 22 യുഡിഎഫ് മന്ത്രിമാരെ നിയമസഭയില്‍ കാണുന്നതിലുള്ള സന്തോഷംകൊണ്ടാണ് യുഡിഎഫ് പ്രവർത്തകർ ഈ സമ്മേളന കാലയളവില്‍ കൂട്ടത്തോടെ നിയമസഭയിലേക്കു വന്നതെന്നും അതിനെ ആർക്കും തടുക്കാൻ കഴിയുമായിരുന്നില്ലെന്നും സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരവും കാണാം, എംഎല്‍എയും കാണാം, നിയമസഭയും കാണാം എന്ന സന്തോഷത്തോടെയാണ് ഒരു ഉല്ലാസയാത്ര പോലെ യുഡിഎഫ് പ്രവർത്തകർ ഇവിടെ എത്തിയത്. അതിനെ തടയാൻ കഴിയുമായിരുന്നില്ല. എന്നാല്‍ അടുത്ത സമ്മേളനം മുതല്‍ സന്ദർശകരുടെ എണ്ണത്തില്‍ പ്രായോഗികമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.