ഉദ്യോഗസ്ഥരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എക്‌സൈസ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി പരാതികള്‍ മുന്നിലുണ്ടെന്നും സിസ്റ്റം മുന്നോട്ടുപോകണമെന്ന തരത്തില്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും ലിജു താക്കീത് നല്‍കി.
ഉദ്യോഗസ്ഥര്‍ ബാറില്‍ പോയി കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാര്‍ ഉടമകള്‍ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയര്‍ന്നതലത്തിലുള്ളവര്‍ക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥര്‍. ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആര്‍ക്കും ഇല്ല. ഇത്ര കെയ്‌സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയൊരു സംഭവം ഉണ്ടായാല്‍ ഷൂട്ട് ചെയ്‌തോളാന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും ലിജു തുറന്നടിച്ചു. എക്‌സൈസ് കമ്മീഷണര്‍ അടക്കം പങ്കെുത്ത പരിപാടിയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അഴിമതി രഹിതമാകണം പ്രവര്‍ത്തനങ്ങള്‍ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. നിരവധി ജില്ലകളില്‍ നിന്നും പരാതി ലഭിക്കുന്നുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് ബാറുകള്‍ ഈ സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ അറിയാതെ അത് ഈ നാട്ടില്‍ പ്രവര്‍ത്തിക്കുമോ. സേന മൗനാനുവാദം നല്‍കുന്നുവെന്ന് താന്‍ പറയുന്നില്ലെന്നും എം ലിജു പറഞ്ഞു.