തിരുവനന്തപുരം തമ്പാനൂരില്‍ വൻ തീപ്പിടിത്തം; ഹൈലാൻഡ് ഹോട്ടലിന്റെ ആറാം നിലയില്‍ തീ പടര്‍ന്നു, ആളുകളെ സുരക്ഷിതമായി മാറ്റി.

തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലെ പ്രമുഖ ഹോട്ടലായ ഹൈലാൻഡ് ഹോട്ടലില്‍ വൻ തീപ്പിടിത്തം.ഹോട്ടല്‍ സമുച്ചയത്തിന്റെ ആറാം നിലയിലാണ് പെട്ടെന്ന് വലിയ രീതിയില്‍ തീ പടർന്നുപിടിച്ചത്. ആറാം നിലയിലുള്ള അടുക്കള ഭാഗത്തുനിന്നാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പടർന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. കെട്ടിടത്തിന് മുകളില്‍ നിന്നും വൻതോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഹോട്ടല്‍ അധികൃതരും നാട്ടുകാരും ചേർന്ന് ചെങ്കല്‍ച്ചൂള അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചെങ്കല്‍ച്ചൂള സ്റ്റേഷനില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങള്‍ അടിയന്തിരമായി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള കഠിനശ്രമങ്ങള്‍ ആരംഭിച്ചു.തീപ്പിടിത്തമുണ്ടായ സമയത്ത് ഹോട്ടല്‍ മുറികളിലും റെസ്റ്റോറന്റിലുമായി ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഹോട്ടല്‍ ജീവനക്കാരും കൃത്യസമയത്ത് ഇടപെട്ട് ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ താമസക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി കെട്ടിടത്തിന് പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടല്‍ കാരണം സംഭവത്തില്‍ ഇതുവരെയാർക്കും പരിക്കുകളോ മറ്റ് ആളപായങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. കൃത്യമായി തീപ്പിടിത്തം ഉണ്ടാവാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ വ്യക്തത വരൂ എന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. കനത്ത പുക ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്. തമ്പാനൂർ മേഖലയില്‍ നിലവില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post