സ്വർണ വിലയില്‍ വലിയ ഇടിവ് പ്രതീക്ഷിച്ചവർക്ക് കനത്ത നിരാശ നല്‍കി ഇന്ന് വില ഉയർന്നു. ഗ്രാമിന് 35 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.പവന് 280 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ഉയർന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വീണ്ടും കടുത്തതോടെ കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ എണ്ണ വില വീണ്ടും ഉയർന്നതോടെ ഡോളർ കുതിച്ചതാണ് വില കുറയാൻ കാരണമായത്. ഇതോടെ ബുധനാഴ്ച കേരളത്തില്‍ രാവിലേയും ഉച്ചയ്ക്കുമായി ഏകദേശം 1560 രൂപയുടെ കുറവ് പവന് രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് വ്യാഴാഴ്ചയും വില കുറയുമെന്നായിരുന്നു ആഭരപ്രേമികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി സ്വർണം ഇന്നലെ ഉയർന്നു. രാവിലേയും വൈകീട്ടുമായി 960 രൂപയാണ് വർധിച്ചത്. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തറും പാക്കിസ്ഥാനും ശക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. സമാധാന ശ്രമങ്ങള്‍ എണ്ണ വിലയെ താഴേക്ക് നയിച്ചു. സ്വാഭാവികമായി ഡോളർ വില ഇടിഞ്ഞു, നിക്ഷേപകർ ഡോളറിനെ കൈവിട്ട് സ്വർണത്തിലേക്ക് തിരിഞ്ഞു.