കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 31ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
വയനാട് എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.
എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും ജൂലൈ 31 വെള്ളിയാഴ്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ വയനാട് ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 31-ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷൻ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും ഈ അവധി ബാധകമാണ്. എന്നാല്‍ റസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റസിഡൻഷ്യല്‍ കോളേജുകള്‍ക്കും ഈ അവധി ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തീരദേശ ന്യൂനമർദ്ദ പാത്തിയുടെയും അധിതീവ്ര ന്യൂനമർദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.