സെന്‍സസ് ഡ്യൂട്ടിക്കിടെ നായയുടെ ആക്രമണം; ഭാര്യയെ രക്ഷപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് നായയുടെ കടിയേറ്റു.


സെന്‍സസ് ഡ്യൂട്ടിക്കിടെ എന്യൂമറേറ്ററായ ഭാര്യയെ ആക്രമിക്കാന്‍ തുനിഞ്ഞ വളര്‍ത്തുനായയെ തടയുന്നതിനിടെ ഭര്‍ത്താവിന് ക്രൂരമായി കടിയേറ്റു.

സെന്‍സസ് ഡ്യൂട്ടി സൂപ്പര്‍വൈസറും ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഹെഡ് ക്ലാര്‍ക്കുമായ അവലുക്കുന്ന് സഫാ മന്‍സിലില്‍ അമീര്‍ എച്ചിനാണ് (Ameer H) നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെ ആലപ്പുഴ ചാത്തനാട് മന്നത്ത് ജംഗ്ഷന് തെക്കുവശമുള്ള ഒരു വീട്ടിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

സെന്‍സസ് ഡ്യൂട്ടി സൂപ്പര്‍വൈസറായ അമീറിന്റെ കീഴില്‍ ആറ് എന്യൂമറേറ്റര്‍മാരാണ് ജോലി ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ അമീറിന്റെ ഭാര്യയും ആര്യാട് എച്ച്‌.എസ്.എല്‍.പി സ്‌കൂള്‍ അധ്യാപികയുമായ ഷംനയാണ്. ചാത്തനാട് ഭാഗത്തെ വീടുകളില്‍ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇരുവരും ഒന്നിച്ച്‌ എത്തിയതായിരുന്നു. ഇവര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു വീട്ടിലേക്ക് കയറുന്നതിനിടെ അവിടെയുണ്ടായിരുന്ന വളര്‍ത്തുനായ ഷംനയ്ക്ക് നേരെ അക്രമാസക്തമായി പാഞ്ഞടുക്കുകയായിരുന്നു.

ഭാര്യയെ നായ ആക്രമിക്കുന്നത് കണ്ട് പെട്ടെന്ന് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അമീറിന് നേരെ നായ തിരിഞ്ഞതും ശരീരത്തില്‍ കടിച്ചുകീറിയതും. ഏകദേശം ഒന്നരമാസം മുന്‍പ് ബഹ്റൈനില്‍ നിന്നും ഉടമസ്ഥര്‍ നാട്ടിലേക്ക് കൊണ്ടുവന്ന വിദേശയിനം നായയാണ് ഇവരെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ അമീറിനെ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post